ശൈഖുനാ കണ്ണിയത്ത് ഉസ്താദ്

1202

ആധുനിക പണ്ഡിതരില്‍ പ്രമുഖനും കേരളമുസ്‌ലിംകള്‍ക്കിടയില്‍ അത്യധികം ആദരിക്കപ്പെടുകയും ചെയ്യുന്ന ഗുരുവര്യരുമാണ് കണ്ണിയത്ത് അഹ് മദ് മുസ്‌ലിയാര്‍. മരക്കാട്ടുപറമ്പില്‍ കണ്ണിയത്ത് ഉണ്ണിമൊയ്തീന്‍ മകന്‍ അവറാന്‍കുട്ടി മൊല്ലയുടേയും, ചങ്ങര സ്വദേശി ചുള്ളിക്കാട്ടില്‍ അബ്ദുറഹ്മാന്‍കുട്ടി മകള്‍ ഖദീജ ഉണ്ണിയുടേയും മകനായി 1900 ജനുവരി 17-നു മഞ്ചേരിക്കടുത്ത തോട്ടക്കാട് എന്ന സ്ഥലത്താണ് അഹ്മദ് മുസ്ലിയാര്‍ ജനിച്ചത്.

മാലിക്ബ്‌നു ദീനാറിലേക്ക് എത്തുന്ന അനുഗ്രഹീത വംശപരമ്പരയിലാണ് ഉസ്താദവര്‍കളുടെ ജനനം. മാലിക്ബ്നുദീനാറിന്റെ സഹോദര പുത്രനാണ് അഹ്മദ് മുസ്ലിയാരുടെ പൂര്‍വ്വ പിതാമഹന്‍.

ബാല്യകാലത്ത് തന്നെ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് മൂത്ത സഹോദരന്‍ ഉണ്ണി മൊയ്തീന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. റഈസുല്‍ ഖാരിഈന്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മീറാന്‍ ശാഹുല്‍ ഹമീദ് വലിയ്യ് സഹോദരങ്ങളാണ്.

പണിക്കര്‍പ്രായില്‍ മണ്ണില്‍തൊടിക നിസ്‌ക്കാരപ്പള്ളിയില്‍ ജ്യേഷ്ഠസഹോദരന്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ദര്‍സ് ആരംഭിച്ചപ്പോള്‍ അഹ്മദ് മുസ്ലിയാരും അവിടെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. അവിടെനിന്നാണ് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നത്. ഇടക്കാലത്ത് അദ്ദേഹം ദാറുല്‍ ഉലൂം വിട്ട് ഊരകം പള്ളിദര്‍സില്‍ ചേര്‍ന്നു. അല്‍പ്പകാലത്തിനു ശേഷം വീണ്ടും ദാറുല്‍ ഉലൂമിലേക്കു തന്നെ തിരിച്ചുവന്നു. ഖുതുബി മുഹമ്മദ് മുസ്ലിയാരാണ് പ്രധാന ഗുരുനാഥന്‍. ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്ലിയാര്‍, പള്ളിപ്പുറം യൂസുഫ് മുസ്ലിയാര്‍, വൈത്തല അഹ്മദ്കുട്ടി മുസ്ലിയാര്‍ തുടങ്ങിയ പ്രഗത്ഭരും അദ്ദേഹത്തിന്റെ ഉസ്താദുമാരാണ്. തലപ്പെരുമണ്ണ, മൊറയൂര്‍, നെല്ലിപ്പറമ്പ് എന്നീ സ്ഥലങ്ങളിലും അദ്ദേഹം ഓതി താമസിച്ചിട്ടുണ്ട്.

തത്വശാസ്ത്രം, അലങ്കാര ശാസ്ത്രം, വചനശാസ്ത്രം, ആത്മ സംസ്‌ക്കരണം, വ്യാകരണം, ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളില്‍ അഗാധ അറിവാണ് കണ്ണിയത്തിനുണ്ടായിരുന്നത്.

ലാളിത്യവും വിനയവും മേളിച്ച സത്യസന്ധമായ വ്യക്തിത്വമായിരുന്നു അഹ്മദ് മുസ് ലിയാരുടേത്. കറാഹത്തുകള്‍ പോലും സംഭവിക്കാതിരിക്കാന്‍ അത്യധികം സൂക്ഷ്മത പുലര്‍ത്തിയിരുന്നു. തെറ്റുകള്‍ കണ്ടാല്‍ മുഖം നോക്കാതെ പ്രതികരിക്കുന്ന ശൈലിയുടെ ഉടമയുമായിരുന്നു. സമ്പത്തോ പദവികളോ അദ്ദേഹം ആഗ്രഹിച്ചില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഇലമായുടെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്. 1967 മുതല്‍ 1993-ല്‍ വഫാത്താകുന്നവരെ സമസ്തയുടെ പ്രസിഡന്റായിരുന്നു.

അരനൂറ്റാണ്ടുകാലം വിവിധ പള്ളികളിലും, അറബിക് കോളേജുകളിലും അധ്യാപനം നടത്തി . 1933, 1950, 1970 -കളില്‍ വാഴക്കാട് ദാറുല്‍ ഉലുമിലും 1941 മുതല്‍ 44 വരെ മാട്ടൂലിലും, 1949-ല്‍ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലും മുദര്‍റിസായി സേവനം ചെയ്തു. 1967-ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലും, 1973-ല്‍ പാറക്കടവ് ഉമ്മത്തൂര് സഖാഫത്തുല്‍ ഇസ്ലാം അറബിക് കോളേജിലും പ്രിന്‍സിപ്പലായി സേവനം ചെയ്തിട്ടുണ്ട്. അതിനിടയ്ക്ക് കുറച്ചുകാലം വടക്കെ മലബാറിലെ തുരുത്തിലും അദ്ദേഹം അധ്യാപനം നടത്തിയിരുന്നു.

ആയംകുടിയില്‍ അഹമ്മദിന്റെ മകള്‍ ആയിശയാണ് അഹ്മദ് മുസ്ലിയാരുടെ പ്രഥമ പത്നി. അതില്‍ സന്താനങ്ങളൊന്നും ഉണ്ടായില്ല. വാഴക്കാട് ഖാളിയായിരുന്ന പൂവാടിയില്‍ ആലിക്കുട്ടി മുസ്ലിയാരുടെ മകള്‍ ആയിശയെയാണ് മഹാനവര്‍കള്‍ രണ്ടാമതായി വിവാഹം ചെയ്തത്. അതില്‍ നാലുമക്കള്‍. ഫാത്വിക, ഖദീജ, മുഹമ്മദ് (കുഞ്ഞുമോന്‍ മുസ്ലിയാര്‍), അബ്ദുള്ളക്കുട്ടി എന്നിവര്‍.

ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയതങ്ങള്‍, മലയമ്മ അബൂബക്കര്‍ മുസ്ലിയാര്‍, വണ്ടൂര്‍ എരിയക്കളത്തില്‍ ചെറീതു മുസ്ലിയാര്‍, കുട്ട്യേമു മുസ്ലിയാര്‍, അണ്ടോണ അബ്ദുള്ള മുസ്ലിയാര്‍,  കെ.കെ. അബ്ദുള്ള മുസ്ലിയാര്‍, അതിക്കല്‍ അബ്ദുള്ള മുസ്ലിയാര്‍, കാളികാവ് ഒ.കെ. മുഹമ്മദ് മുസ്ലിയാര്‍, കേക്കീല്‍ അഹമ്മദ് മുസ്ലിയാര്‍, അബൂസ്വാലിഹ് മുഹമ്മദ് മൗലവി തുടങ്ങിയ പ്രഗത്ഭര്‍ ഉള്‍പ്പെടെ അനേകം ശിഷ്യ സമ്പത്തിനുടമയാണ്.

ഏതു സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെയും മതവിധി തേടി ജനങ്ങള്‍ ഉസ്താദവര്‍കളെ സമീപിച്ചിരുന്നു. ആ അനുഗ്രഹീത തൂലികയില്‍ നിന്ന് പ്രൗഢമായ രചനകള്‍ വെളിച്ചം കണ്ടു. ‘തസ്ഹീലു മത്വാലിബുല്‍ സ്വഹിയ്യഃ’ എന്ന അറബി വ്യാകരണവും, ‘റദ്ദുല്‍ വഹാബിയ്യഃ’ യും അവയില്‍പ്പെട്ടതാണ്.

കേരളീയ മുസ് ലിംകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന ആ ധന്യജീവിതത്തിന് 1993 സെപ്തംബര്‍ 19-ന് തിരശ്ശീല വീണു. വാഴക്കാട് പഴയ ജുമാമസ്ജിദ് അങ്കണത്തില്‍ ദാറുല്‍ ഉലൂമിന്റെ ചാരത്താണ് ഉസ്താദിന്റെ കബറിടം.

SHARE