മൂന്നാക്കല്‍ പളളിയും മഹാന്‍മാരും

72

മലപ്പുറം ജില്ലയില്‍ എടയൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രശസ്തവും പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് ‘മൂന്നാക്കല്‍’ എന്ന സ്ഥലപ്പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.

ജിയോളജിക്കല്‍ വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം മൂന്നാക്കല്‍ പളളിക്ക് 900 വര്‍ഷങ്ങളുടെ പഴക്കമാണ് കണക്കാക്കപ്പെടുന്നത്. പളളിയോടനുബന്ധിച്ച് വിശാലമായ ഖബറിസ്ഥാനും ഇവിടെ കാണാം. ജുമുഅത്ത് പളളിക്കെതിര്‍ വശത്ത് അല്‍പം മുകളിലായി ചെറിയ നിസ്‌കാരപളളിയുണ്ട്. ദൂരെ ദിക്കുകളില്‍ നിന്നും ആളുകള്‍ സത്യം ചെയ്യാനായി ഇവിടെ വരാറുണ്ടായിരുന്നുവത്രെ. അതിനാല്‍ സത്യപളളി എന്നും ഈ പളളിയെ വിശേഷിപ്പിക്കാറുണ്ട്.

ജന്‍മിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റപ്പോള്‍ ചികിത്സിച്ചു ഭേദമാക്കിയ വലിയ്യിന് പ്രത്യുപകാരമായി നല്‍കിയ 25 ഏക്കര്‍ സ്ഥലത്താണ് പളളി സ്ഥിതിചെയ്യുന്നതെന്ന് പഴമക്കാര്‍ പറയുന്നു. പളളി പുതുക്കിപ്പണിതെങ്കിലും ഉള്‍ഭാഗത്തെ വാസ്തുശില്‍പ ഭംഗിയും നിര്‍മാണവൈദഗ്ധ്യവും ഇന്നും വിസ്മയം സമ്മാനിക്കും.

പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിലെ പണ്ഡിതര്‍ ആദ്യകാലത്ത് മൂന്നാക്കല്‍ പള്ളിയിലെ ഖാസി പദവി അലങ്കരിച്ചിട്ടുണ്ട്. അടുത്തകാലം വരെ ജുമുഅത്ത് പളളിക്കു സമീപമുളള കിണറ്റില്‍ നിന്നും വെളളം കോരിയെടുത്ത് മുകളിലെ പളളിയിലെ ഹൗളില്‍ കോരിയൊഴിക്കുന്ന പതിവ് നില നിന്നിരുന്നു.

നിസ്‌ക്കാരപ്പളളിയുടെ സമീപം ഖബര്‍സ്ഥാനില്‍ കെട്ടിയുയര്‍ത്തിയ ചില പുരാതന ഖബറുകള്‍ കാണാം. മൂന്നാക്കലില്‍ അന്ത്യവിശ്രമം കൊളളുന്ന മഹത്തുക്കളുടെ ഖബറുകളാണവ. അതേ സമയം പളളിക്കുളളില്‍ മഖ്ബറയില്ല.

മൂന്നാക്കല്‍ പള്ളി മതസൗഹാര്‍ദത്തിന്റ പ്രതീകമാണ്. നേര്‍ച്ചയായി പള്ളിയിലേക്ക് ലഭിക്കുന്ന അരി ജാതിമത വ്യത്യാസമന്യേ ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തുവരുന്നു. ആദ്യ കാലത്ത് ഇങ്ങനെ കിട്ടിയ അരി കഞ്ഞിവെച്ച് പാവങ്ങള്‍ക്ക് നല്‍കുകയായിരുന്നു പതിവ്. അരിയുടെ വരവ് വര്‍ധിച്ചതോടുകൂടി അരി നേരിട്ട് നല്‍കുവാന്‍ തുടങ്ങി. ഇപ്പോള്‍ ആഴ്ചയില്‍ മുവ്വായിരത്തിലധികം ചാക്ക് അരി ഇവിടെ വിതരണം ചെയ്യുന്നുണ്ട്. പളളിയിലേക്ക് അരി നല്‍കാനായി നേര്‍ച്ചയാക്കുന്നവരെ ലക്ഷ്യമാക്കി പളളിയിലേക്കുളള പാതക്കിരുവശവും ധാരാളം അരിക്കച്ചവടസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു.

മഹല്ല് കമ്മിറ്റി മുഖേന വിതരണം ചെയ്യുന്ന പ്രത്യേക കാര്‍ഡ് കൈവശമുളളവര്‍ക്കാണ് അരി നല്‍കിവന്നിരുന്നത്. 1997 മുതലാണ് കാര്‍ഡ് സംവിധാനം നടപ്പിലാക്കിയത് . ഓരോ വര്‍ഷവും കാര്‍ഡുകള്‍ പുതുക്കിനല്‍കുകയും പുതിയ കാര്‍ഡുകള്‍ അനുവദിക്കുകയും ചെയ്യുന്നു. 700പരം മഹല്ലു കമ്മറ്റികള്‍ വഴിയാണ് ജാതിമത ഭേദമെന്യേ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും കാര്‍ഡുകള്‍ അനുവദിക്കുകയും ചെയ്യുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുമായി 17,000 കുടുംബങ്ങള്‍ക്ക് പള്ളിയില്‍ നിന്നും അരി ലഭിക്കുന്നു.

ഞായറാഴ്ചകളില്‍ രാവിലെ ഏഴ് മണി മുതല്‍ 12മണിവരെയും റമദാനില്‍ രാവിലെ ആറിന് ആരംഭിച്ച് വൈകുന്നേരം വരെയും അരി വിതരണം നടക്കുന്നു. രണ്ടാഴ്ച കൂടുമ്പോഴാണ് അരിവിതരണം നടത്തുന്നത്. എന്നാല്‍ റമദാനില്‍ എല്ലാഞായറാഴ്ചയും വിതരണം ചെയ്യുന്നു. സാധാരണ ഒരുകുടുംബത്തിന് ശരാശരി 10 കിലോയില്‍ കൂടുതല്‍ അരി ലഭിക്കാറുണ്ട്. മൂന്നാക്കല്‍ പള്ളിയുടെ മാഹാത്മ്യമറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെയെത്തുന്നുണ്ട്.

SHARE