വയനാട് താമരശ്ശേരി ചുരത്തിന് താഴെയുളള ഒടുങ്ങാക്കാട് മഖാമില്‍ അന്ത്യവിശ്രമം കൊളളുന്നത് സയ്യിദ് ഹുസൈന് ദില്ലി തങ്ങളാണ്. ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്നും സയ്യിദ് അലി അക്ബര്‍ ദില്ലിക്കൊയ തങ്ങളുടെ കുടുംബം വയനാട്ടിലെ വാരമ്പറ്റയിലെത്തി. സയ്യിദ് അലി അക്ബര്‍ ദില്ലിക്കൊയ തങ്ങള്‍ വാരമ്പറ്റ മഖാമിലാണ് അന്തിയുറങ്ങുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനാണ് സയ്യിദ് ഹുസൈന് ദില്ലി തങ്ങള്‍.
തങ്ങളുടെ കുടുംബം ആദ്യം താമസമാക്കിയത് വാരമ്പറ്റ പൊന്നാണ്ടി ആലിക്കുട്ടി എന്നവരുടെ വീട്ടിലാണ്. സയ്യിദ് ഹുസൈന് (റ) എന്നവരെ കൂടാതെ വേറെ കുട്ടികളും അവര്‍ക്കുണ്ടായിരുന്നു. അതില്‍ ഒരാള്‍ കക്കോടിക്കടുത്ത ചെലപ്പുറത്ത് സുന്നിപളളിയുടെ പരിസരത്തായി അന്തിയുറങ്ങുന്നു. ഒടുങ്ങാക്കാടും ചെലപ്പുറത്തും അന്തിയുറങ്ങുന്ന ഇരുവരും വിവാഹിതരല്ല. വിവാഹിതനായ മൂന്നാമത്തെ സഹോദരന്റെ മക്കളില്‍ പ്രബലയാണ് ബീവി അസീസ. അവര്‍ കാര്യമ്പാടിയിലാണ് അന്ത്യവിശ്രമം കൊളളുന്നത്.
സയ്യിദ് ഹുസൈന് (റ) വയനാട്ടില്‍ വരുന്ന കാലത്ത് തന്നെ തികഞ്ഞ മജ്ദൂബായിരുന്നു. മക്കള്‍ ഓരോരുത്തരും വേറെ താമസത്തിനായി പിരിഞ്ഞുപോയ കൂട്ടത്തില്‍ ഇബാദത്ത് ലക്ഷ്യമാക്കി ഹുസൈന് തങ്ങളും പിരിഞ്ഞു പോയി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മകന് ഉപ്പയെ കാണാനായി വാരമ്പറ്റയിലെത്തിയപ്പോള് ഉപ്പ കാപ്പിക്കൃഷിയില്‍ മുഴുകിയിരുന്നതായി കണ്ടു. മഴ കോരിച്ചൊരിയുന്ന സമയമായിരുന്നു അത്. കൃഷിയെ സംബന്ധിച്ച് മകന് തിരക്കിയപ്പോള്‍ ഹലാലായ കൃഷിക്ക് വിരോധമില്ലല്ലോ എന്ന് ബാപ്പ മറുപടി കൊടുത്തു. എന്നാല്‍ ദുനിയാവിലെ വിഷയങ്ങളില്‍ തീരെ താല്പര്യമില്ലാതിരുന്ന മകന്റെ പ്രതികരണം, കൃഷി തീപിടിച്ചു നശിച്ചു പോകട്ടെയെന്നായിരുന്നു. മഴ പെയ്യുന്ന സമയത്ത് തന്നെ ശക്തമായൊരു കാട്ടു തീ വരികയും കൃഷി ഒട്ടാകെ കത്തി നശിച്ചു പോവുകയും ചെയ്തു. ഇത് കണ്ട പിതാവ് മകനോട് പറഞ്ഞു, നിനക്ക് കാട്ടില്‍ തന്നെ താമസിക്കുന്നതാണുത്തമം. തുടര്‍ന്ന് തിരിച്ചു പോയ ഹുസൈന് തങ്ങളുടെ ജനാസ വര്‍ഷങ്ങള്‍ക്കു ശേഷം ഇടതിങ്ങിയ കാട്ടിന് പ്രദേശമായിരുന്ന ഒടുങ്ങാക്കാടില് കാണപ്പെടുകയും അവിടെ ഖബറടക്കുകയും ചെയ്തു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞുട്ടി അലി എന്നവര്‍ ഒരു സ്വപ്ന ദര്‍ശനത്തിലൂടെ ഹുസൈന് തങ്ങളെ കാണുകയും മഖ്ബറയെക്കുറിച്ച് സ്വപ്ന ദര്‍ശനം നല്‍കുകയും ചെയ്തുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ദശകങ്ങള്‍ക്കു മുമ്പ് ജനതാമസമോ വികസനമോ ഇല്ലാത്ത കാനനപ്രദേശമായിരുന്നു ഒടുങ്ങാക്കാട്. ആ കാലത്ത് ശക്തമായ മഴയും കാറ്റുമുളള രാത്രിയില്‍ മഖ്ബറ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വിളക്ക് കൊളുത്തി വെക്കാന്‍ കുഞ്ഞുട്ടി ആലി എന്ന പൗര പ്രമുഖനോട് ആവശ്യപ്പെട്ടു. അതനുസരിച്ച് വിളക്ക് കൊളുത്തിയ അദ്ദേഹത്തിന് പിറ്റേ ദിവസം കാലത്ത് കാണാന്‍ സാധിച്ചത് വിളക്കണയാതെ കത്തിജ്ജ്വലിച്ച് കൊണ്ടിരിക്കുന്നതായിട്ടാണ്. തുടര്‍ന്നാണ് ഒടുങ്ങാക്കാട്ടില് മഖ്ബറ സ്ഥാപിക്കപ്പെട്ടത്. കോട്ടയം തമ്പുരാക്കന്മാരുടെ കൈവശത്തില്‍ പെട്ട സ്ഥലം കുഞ്ഞുട്ടിയാലിയുടെ കുടുംബം വാങ്ങുകയും 1948 -51 ല്‍ പളളി പുതുക്കി പ്പണിത് മഹല്ല് കമ്മിറ്റിക്ക് നല്‍കുകയും ചെയ്തു. ഇപ്പോഴും വയനാട്ടുകാര്‍ക്ക് ആത്മീയ സാന്നിധ്യമാണ് ഹുസൈന് (റ).
കോഴിക്കോടിന്റെയും വയനാടിന്റെയും അതിര്‍ത്തിയിലാണ് ഒടുങ്ങാക്കാട് സ്ഥിതി ചെയ്യുന്നത്. ഏതു നീറുന്ന പ്രശ് നവും ഇവിടെ ഒടുങ്ങി പോകുമെന്ന് പഴമക്കാര്‍ പറയുന്നു.
വഴി: കോഴിക്കോട് വയനാട് റൂട്ടില്‍ ഹൈവേയുടെ ചാരത്ത് പുതുപ്പാടിക്കടുത്താണ് ഒടുങ്ങാക്കാട് മഖാം. താമരശ്ശേരിയില്‍ നിന്ന് പതിനഞ്ച് കി. മീറ്റര്‍ ദൂരം.