ഇത് ബാഗ്ദാദ്. അമ്മ പറഞ്ഞുതന്ന അറബിക്കഥകളിലെ ബാഗ്ദാദ് അല്ല. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ബാഗ്ദാദ്. കണ്ണൂര്‍ നഗരത്തില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരംമാത്രം. അതെ, കണ്ണൂരിലെ ശൈഖുമാരുടെ നാടായ പുറത്തീല്‍ ഗ്രാമത്തിന് ഇന്ത്യയിലെ ബാഗ്ദാദ് എന്ന ഓമനപ്പേരുകൂടിയുണ്ട്. കേരളത്തില്‍ ഏറ്റവും അപൂര്‍വമായ ദേശാടനക്കിളികള്‍ തന്പടിക്കുന്ന സ്ഥലംകൂടിയാണിവിടം. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഖൗസുള് അസ്ലം ശ്ശൈഖ് അബ്ദുള്‍ ഖാദിര്‍ സാനിയുടെ 457-ാമത് ഉറൂസ് മുബാറക് വെള്ളി, ശനി ദിവസങ്ങളിലായി നടക്കുകയാണ്. ഇദ്ദേഹത്തിന്റെ സ്മരണ പുതുക്കാന്‍ കേരളത്തിനകത്തും പുറത്തുംനിന്നുമായി ഒട്ടേറെപ്പേര്‍ പുറത്തീല്‍ മഖാമില്‍ എത്തും
യമനില്‍നിന്ന് ചിറക്കലിലേക്ക്…
പ്രവാചകന് മുഹമ്മദ് നബിയുടെ പ്രഥമശിഷ്യനും ഒന്നാം ഖലീഫയുമായ അബുബക്കര്‍ സിദ്ദീഖിന്റെ പരമ്പരയില്‍പ്പെട്ട ശൈഖ് ഉസ്മാനില്നിന്നാണ് ശൈഖ് അബ്ദുല്‍ഖാദിര്‍ സാനിയുടെ ചരിത്രം തുടങ്ങുന്നത്. യമനിലെ ഹമദാനിലെ സുല്‍ത്താനായിരുന്നു ഉസ്മാന്.450 വര്‍ഷം മുമ്പ് ഹമദാനിലെ കൊട്ടാരത്തില്‍നിന്ന് എല്ലാം ഉപേക്ഷിച്ച് കേരളത്തിലെ വളപട്ടണത്തെത്തി. അദ്ദേഹത്തിനു ചിറക്കല്‍ കൊട്ടാരത്തില്‍ ഊഷ്മളമായ വരവേല്പായിരുന്നു നല്‍കിയത്. ഇടയ്ക്ക് അദ്ദേഹത്തിന് ഒരു ദിവ്യദര്‍ശനമുണ്ടായി. നിങ്ങളുടെ താവളം ഇവിടെയാണെന്നും ഇവിടെ വിവാഹം കഴിച്ച് താമസിക്കണമെന്നും. അങ്ങനെ വളപട്ടണം ഖാസിയുടെ മകളെ വിവാഹം കഴിച്ചു. വൈകാതെ അബ്ദുല്‍ഖാദിര്‍ സാനി ജനിക്കുകയും ചെയ്തു.
ശൈഖ് അബ്ദുല്‍ഖാദിര്‍ സാനിയും പുറത്തീലും..
പൊന്നാനി മഖ്ദുമുകളില്പ്പെട്ട അബ്ദുല്‍ അസീസ് മൗലവി തയ്യാറാക്കിയ പുറത്തീല്‍ മൗലൂദ് ഗ്രന്ഥത്തില്‍ ഇവിടത്തെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. കുട്ടിക്കാലത്തുതന്നെ പല അത്ഭുതങ്ങളും അബ്ദുല്‍ഖാദിര്‍ സാനിയില്‍ നിന്നുണ്ടാവുകയും ചിറക്കല്‍ കൊട്ടാരത്തില്‍ ക്ഷണിക്കപ്പെടുകയും വലിയ സ്ഥാനം നല്‍കുകയും ചെയ്തു. 15 വയസ്സ് പൂര്‍ത്തിയാകുന്ന ദിവസം സുഹ്റ വര്‍ദി ത്വരീഖത്തിലെ പ്രസിദ്ധ ശൈഖും പണ്ഡിതനുമായ ശൈഖ് മഹ്മദുല്‍ ഖബുശാനിയെ കണ്ടുമുട്ടി. അതോടെ അബ്ദുല്‍ഖാദിര്‍ സാനിയില്‍ ആധ്യാത്മികവഴിയിലേക്കുള്ള വാതില്‍ തുറന്നു. ചിറക്കല്‍ തമ്പുരാന് എല്ലാ സൗകര്യങ്ങളും ഒരുക്കിനല്കിയെങ്കിലും അവയെല്ലാം ഉപേക്ഷിച്ച് നാട്ടുരാജ്യത്തിന്റെ ബഹളങ്ങളൊന്നുമില്ലാതെ പുറത്ത് ഒരിടം കണ്ടെത്തി. പുറത്തീല്‍ എന്ന പേരുണ്ടായത് അങ്ങനെയാണ് എന്നാണ് ചരിത്രം.
ഇന്ത്യയിലെ ബാഗ്ദാദ്
ബാഗ്ദാദില്നിന്നുളള സുല്‍ത്താനുല്‍ ഔലിയ അബ്ദുല്‍ ഖാദിര്‍ ജീലാനിക്കുശേഷം വന്ന അബ്ദുല്‍ഖാദിര്‍ രണ്ടാമന് എന്ന അര്‍ഥത്തിലാണ് അബ്ദുല്‍ഖാദിര്‍ സാനി എന്ന് പേരുവന്നത്.സാനി എന്നാല്‍ രണ്ടാമന് എന്നാണ് അര്‍ഥം. ഇന്ത്യയിലെ ബാഗ്ദാദ് എന്നു പുറത്തീലിന് പേര് ലഭിച്ചതും അങ്ങനെയാണ്. വലിയ മഖാമിനു സമീപത്തായി അബ്ദുല്‍ഖാദിര്‍ സാനിയുടെ ശിഷ്യന്മാരില്‍പ്പെട്ട നാല്പതിലേറെ ഔലിയാക്കളും ചെറിയ മഖാമുകളിലായി നാല്പതിലേറെ ശൈഖുമാരും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.
പുറത്തീലിന്റെ പ്രത്യേകതകള്‍
453 വര്‍ഷം മുമ്പ് ജീവിച്ച മഹാനവര്‍കളുടെ ജീവിതം മാതൃകാപരമായ ചിട്ടയോടെയുള്ളതായിരുന്നു. പുറത്തീല്‍ ശൈഖിന്റെ വളാഇഫ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ഇന്നും ഇത് നിലനില്ക്കുന്നു. നിസ്കാരങ്ങളിലെ ചെറിയ നിശ്ചിത സൂറത്തുകള്‍, സുബ്ഹി നിസ്കാരത്തിനു മുമ്പുള്ള പ്രത്യേക പ്രാര്‍ഥന, സുബ്ഹിക്കുശേഷമുള്ള സൂര്യോദയം വരെ അകത്തെ പള്ളിയിലിരുന്നുകൊണ്ടുള്ള ഔറാദും കൂട്ടുപ്രാര്‍ഥനയും. അസര്‍ നിസ്കാരശേഷവും ഔറാദ്, വ്യാഴം, വെള്ളി, തിങ്കള്‍ രാവുകളില്‍ മഗ്രിബിനു ശേഷമുള്ള ദിഖ്ര്‍ ഹല്‍ഖ, റമദാനില്‍ പാതിരാവിനുശേഷം രാത്രി ഒരുമണിക്ക് നടക്കുന്ന തറാവീഹ് നിസ്കാരം, ജുമുഅ നിസ്കാരശേഷമുള്ള തൗബ എന്നിവ ഇവിടെ മാത്രമുള്ള പ്രത്യേകതയാണ്.അറബിമാസം ദുല്‍ഖഅദ് 16-ന് ഖത്മുല് ഖുര്‍ആന്‍ ഉറൂസ് ഇവിടെ നടക്കുന്നു.ശൈഖ് അബ്ദുല്‍ ഖാദിര്‍ സാനിയുടെ മകളുടെ സന്താനപരമ്പരകളാണ് പുറത്തീല്‍ ശൈഖ് കുടുംബം എന്നറിയപ്പെടുന്നത്. കുടുംബത്തിന്റെ രേഖയില്‍ അനുശാസിക്കുന്നത് പ്രകാരം ഓരോ കാലത്തും കുടുംബത്തിലെ ഒരാളെ ആജീവനാന്ത ശൈഖായി നിയമിക്കുന്നു. ഇപ്പോള്‍ ശൈഖ് സ്ഥാനത്തുള്ളത് മാണിയൂര്‍ അഹമ്മദ് മുസ്ല്യാരാണ്.
കടപ്പാട് : മാതൃഭൂമി